faisal arafa

Wednesday 13 April 2011

കേരളത്തില്‍ പോളിങ് 74.6 ശതമാനം


എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ജന്‍മനാടായ കരുവന്‍പൊയിലില്‍ വോട്ട് ചെയ്യുന്നു
തിരുവനന്തപുരം: 13ാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിങ്. സംസ്ഥാനത്തൊട്ടാകെ ശരാശരി 74.6 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 72.38 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അടുത്ത മാസം 13നാണ് വോട്ടെണ്ണല്‍. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത്. 80.3 ശതമാനം. 80.2 ശതമാനം പോളിങുമായി കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നില്‍. 68.3 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരുവനന്തപുരം ജില്ലയാണു ഏറ്റവും പിന്നില്‍. കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം. 87.4 ശതമാനം വോട്ടര്‍മാര്‍ ഇവിടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 59.9 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കുറവ് സമ്മതിദായകര്‍ ബൂത്തിലെത്തിയത്. 60 ശതമാനത്തില്‍ താഴെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ സംസ്ഥാനത്തെ ഏക മണ്ഡലവും തിരുവനന്തപുരമാണ്. സംസ്ഥാനത്ത് വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട ചില സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍ ഗുരുതരമായ ക്രമസമാധാനപ്രശ്‌നങ്ങള്‍ എവിടെയും ഉണ്ടായില്ല. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ സംസ്ഥാനത്ത് പൊതുവെ ഭേദപ്പെട്ട പോളിങ് ദൃശ്യമായിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ശരാശരി പോളിങ് 48.5 ശതമാനമായിരുന്നു. ഈ സമയത്ത് മിക്ക മണ്ഡലങ്ങളിലും പോളിങ് നിരക്ക് 50 ശതമാനം കവിഞ്ഞിരുന്നു. പ്രചാരണരംഗത്ത് ദൃശ്യമായ കടുത്ത പോരാട്ടവും വേനല്‍മഴയെക്കുറിച്ചുള്ള ആശങ്കയും രാവിലെ തന്നെ വോട്ടര്‍മാരെ ബൂത്തുകളിലേക്ക് ആകര്‍ഷിച്ചുവെന്നാണു വ്യക്തമാവുന്നത്. ഉയര്‍ന്ന പോളിങ് നിരക്കിന്റെ ആനുകൂല്യം തങ്ങള്‍ക്കു ലഭിക്കുമെന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും അവകാശപ്പെടുന്നത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പൊതുവെ മികച്ച പോളിങ് രേഖപ്പെടുത്തിയപ്പോള്‍ തെക്കന്‍ കേരളത്തില്‍ പോളിങ് ശതമാനം കുറഞ്ഞു. 72.8 ശതമാനം പോളിങ് രേഖപ്പെടുത്തി കൊല്ലം ജില്ല തെക്കന്‍ മേഖലയില്‍ മുന്നിട്ടുനിന്നപ്പോള്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പോളിങ് 70 ശതമാനത്തിലും താഴെ മാത്രമാണു രേഖപ്പെടുത്തിയത്. വടക്കന്‍ മലബാറില്‍ പല മണ്ഡലങ്ങളിലും പോളിങ്‌നിരക്ക് 80 ശതമാനം കവിഞ്ഞു. 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയ കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ റിേക്കാഡ് പ്രകടനമാണു കാഴ്ചവച്ചത്. മധ്യകേരളത്തില്‍ എറണാകുളം (77.4), ആലപ്പുഴ (78.1) ജില്ലകളിലാണ് ഏറ്റവും കൂടുതലാളുകള്‍ ബൂത്തിലെത്തിയത്.

No comments:

Post a Comment