Friday, 8 April 2011
മുന്‍ പ്രവാസിയുടെ സ്ഥാനാര്‍ഥിത്വം; ജിദ്ദയിലെ സുഹൃത്തുക്കള്‍ ആഹ്ലാദത്തില്‍
ജിദ്ദ: സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന മുന്‍ പ്രവാസിയുടെ സ്ഥാനാര്‍ഥിത്വം ജിദ്ദയിലെ സുഹൃത്തുക്കള്‍ക്ക് ആഹ്ലാദം പകര്‍ന്നു. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന നൗഷാദ് പുന്നക്കലിന്റെ സ്ഥാനാര്‍ഥിത്വമാണ് പഴയ സഹ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ആവേശം പകര്‍ന്നത്. ഒന്നര പതിറ്റാണ്ടിലേറെ സൗദിയില്‍ പ്രവാസ ജീവിതം നയിച്ച നൗഷാദ് പുന്നക്കല്‍ മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലെക്ക് മടങ്ങിയത്. ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം.
പീഡനങ്ങളും മറ്റും മൂലം ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഒട്ടേറെ പേര്‍ക്ക് ആശ്വാസമേകാന്‍ നൗഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. കമ്പനിയുടെ അനാസ്ഥ മൂലം വര്‍ഷങ്ങളായി ജിദ്ദയില്‍ കുടുങ്ങിക്കിടന്ന ഭഗീരഥിയമ്മയെ നാട്ടിലെത്തിച്ചതും, നിയമക്കുരുക്കുകള്‍ മൂലം മാസങ്ങളോളം മോര്‍ച്ചറിയില്‍ കിടന്ന സുബ്രമണ്യന്റെ മൃതദേഹം വിട്ടു കിട്ടിയതും, അബഹയില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട യു.പി സ്വദേശി അബൂറാഫിക്ക് ശിക്ഷ ഒഴിവായി കിട്ടി നാട്ടില്‍ പോവാനായതും നൗഷാദിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
സാംസ്‌കാരിക പരിപാടികളിലും ഹജ്ജ് വോളന്റിയര്‍ സേവനത്തിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാടവം വേറിട്ടു നിന്നിരുന്നു. ജിദ്ദക്ക് പുറമെ റിയാദിലും ദമ്മാമിലും ജോലി ചെയ്‌തിരുന്ന നൗഷാദിന് അവിടെയും ബൃഹത്തായ സുഹൃത്ത് വലയമുണ്ട്. പൊതു പ്രവര്‍ത്തനവുമായും ജോലിയുമായും ബന്ധപ്പെട്ട് സൗദിയുടെ മുക്കുമൂലകളില്‍ വരെ അദ്ദേഹം എത്തിയിട്ടുണ്ട്. നൗഷാദിനെ പോലെയുള്ളവരാണ് ജനപ്രതിനിധിയായി വരേണ്ടതെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിചയമുള്ളവര്‍ പറയുന്നു. നൗഷാദിന്റെ വിജയത്തിനായി അഴീക്കോട് മണ്ഡലത്തിലുള്ള ജിദ്ദയിലെ എസ്.ഡി.പി.ഐ അനുഭാവികളുടെ കൂട്ടായ്‌മ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
ഇപ്പോള്‍ എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് നൗഷാദ് പുന്നക്കല്‍. ഭാര്യ ഖൈറുന്നിസ നാഷണല്‍ വുമണ്‍സ് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. മുഷീറ മറിയം, മിന്‍ഹാ ഫാത്വിമ, മിഷ്‌അല്‍ അബ്ദുറഹ്‌മാന്‍, മിസ്‌ഫര്‍ മാലിക്ക്‌്, മിജ്‌ദ മറിയം എന്നിവര്‍ മക്കളാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment