madhyamam news
മഞ്ചേശ്വരം: മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് എസ്.ഡി.പി.ഐ-മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ഥി നജ്മ മുസ്തഫയുടെ ഭര്‍തൃസഹോദരനും എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ അബ്ദുല്‍ബാസിതിനെ (30) ഉച്ചക്ക് നമസ്‌കരിക്കാന്‍ കടപ്പുറം ജുമാമസ്ജിദില്‍ പോയ സമയത്ത് സംഘടിച്ചെത്തിയ ലീഗ് പ്രവര്‍ത്തകര്‍ പള്ളിക്കകത്തുവെച്ച് മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്ന അനുജന്‍ ജംഷാദ് (30), സുഹൃത്ത് സമീര്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. പരിക്കേറ്റ ഇവരെ കൈക്കമ്പയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീഗ് പ്രവര്‍ത്തകരായ റഷീദ്, സൈനുദ്ദീന്‍ തുടങ്ങിയ ആറുപേരാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു.
ലീഗ് പ്രവര്‍ത്തകനും ഡിഗ്രി വിദ്യാര്‍ഥിയുമായ കടപ്പുറത്തെ റമീസിനെ (19) പരിക്കുകളോടെ മഞ്ചേശ്വരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് പോകുംവഴി എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ സമീര്‍, ബാസിത്, ജംഷാദ്, ഹാരിസ് എന്നിവര്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചതായി ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷിച്ചുവരുന്നു.
വോട്ടെണ്ണല്‍ കേന്ദ്രമായ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ രാവിലെ ചെറിയ തോതില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് ഇടപെട്ട് ഇത് നീക്കിയെങ്കിലും ഉച്ചക്കുശേഷം പ്രശ്‌നമുണ്ടാവുകയായിരുന്നു. ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വൈകീട്ട് ഹൊസങ്കടി ടൗണില്‍ പ്രകടനം നടത്തി.
No comments:
Post a Comment